TEMPLES STORIES - അമ്പലങ്ങളെ കുറിച്ചറിയാം
കുതിരാൻമല ശാസ്താവ്
-സമ്പാധനം എസ്.വെങ്കടേഷ്
പാമ്പുംകാട്ടിൽ കുടുംബത്തിലെ ഒരു പൂർവ്വികനുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ.
ധർമ്മശാസ്താവിന്റെ പരമഭക്തനായിരുന്ന അദ്ദേഹം ഒരിയ്ക്കൽ സ്വന്തം കുതിരയുടെ പുറത്തുകയറി കുതിരാൻ വഴി യാത്രചെയ്യുകയായിരുന്നു. ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിനടുത്തുകൂടെ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് ക്ഷീണിച്ച് അവശനായ അദ്ദേഹം അടുത്തുകണ്ട നീരുറവയിൽ കുളിയ്ക്കാനിറങ്ങി. തന്റെ കുതിരയെ അടുത്തുകണ്ട ഒരു മരത്തിൽ കെട്ടിയിട്ട ശേഷമാണ് അദ്ദേഹം കുളിയ്ക്കാനിറങ്ങിയത്. കുളി കഴിഞ്ഞ് അല്പസമയം വിശ്രമിച്ച അദ്ദേഹം തുടർന്ന് കുതിരയെ മരത്തിൽ നിന്നിറക്കി യാത്ര തുടരാൻ ശ്രമിച്ചെങ്കിലും കുതിര ഒരടി അനങ്ങുന്നുണ്ടായിരുന്നില്ല. കുതിര നിന്ന നില്പിൽ തന്നെ ഒരു സ്ഥലത്തേയ്ക്ക് നോക്കിയിരിയ്ക്കുന്നതായാണ് അദ്ദേഹം കണ്ടത്. അവസാനം ഏറെ നേരം ശ്രമിച്ചശേഷമാണ് അദ്ദേഹത്തിന് കുതിരയെ അനക്കാൻ സാധിച്ചത്.
അന്നുരാത്രി കാരണവർക്ക് അശ്വാരൂഢനായ ശാസ്താവിന്റെ സ്വപ്നദർശനമുണ്ടായി. കുതിര നോക്കിയിരുന്ന സ്ഥലത്ത് തന്റെ സാന്നിദ്ധ്യമുണ്ടെന്നും അതുകൊണ്ടാണ് അത് ഒരടി അനങ്ങാതിരുന്നതെന്നും സ്വപ്നത്തിൽ ശാസ്താവ് അരുളിചെയ്തു. പണ്ട്, കേരളസ്രഷ്ടാവായ പരശുരാമൻ, പെരുവനം ഗ്രാമത്തിന്റെ രക്ഷയ്ക്കായി തന്നെ നാലിടത്ത് കുടിയിരുത്തിയെന്നും അവയിൽ കിഴക്കുഭാഗത്തുള്ള സ്ഥലത്തേയ്ക്കാണ് കുതിര നോക്കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിറ്റേന്ന് ഗ്രാമവാസികൾക്കൊപ്പം കാട്ടിലെത്തിയ കാരണവർ, കുതിരയുടെ ദർശനം വന്നുപതിച്ച സ്ഥലത്തെ ഒരു മരത്തിൽ അശ്വാരൂഢശാസ്താവിനെ സങ്കല്പിച്ച് പൂജകൾ നടത്തി. കുതിര കയറാൻ മടിച്ചുനിന്ന മല, കുതിരകേറാമല എന്ന് അറിയപ്പെടാൻ തുടങ്ങി. ഇതാണ് പിന്നീട് കുതിരാൻമല എന്ന് ലോപിച്ചത്. പിൽക്കാലത്ത് ഇവിടെ അശ്വാരൂഢശാസ്താവിന് ക്ഷേത്രം പണിയാൻ പാമ്പുംകാട്ടിൽ കുടുംബത്തിലെ പിന്മുറക്കാർ തീരുമാനിയ്ക്കുകയും അതനുസരിച്ച് ക്ഷേത്രം പണിയുകയുമായിരുന്നു.
ഇപ്പോൾ നിത്യേന ആയിരക്കണക്കിന് ഭക്തർ ഇവിടെ വരാറുണ്ട്. ദേശീയപാത വഴി കടന്നുപോകുന്ന ആളുകൾ സാധിയ്ക്കുന്ന പക്ഷം ഇവിടെ കയറി ദർശനം നടത്തിയേ പോകാറുള്ളൂ
പഴയ തൃശ്ശൂർ-പാലക്കാട് റോഡിന്റെ (ദേശീയപാത 544) തെക്കുവശത്ത് തൃശ്ശൂരിൽ നിന്ന് 18 കിലോമീറ്ററും പാലക്കാട്ടുനിന്ന് 50 കിലോമീറ്ററും ദൂരം മാറി കിഴക്കോട്ട് ദർശനമായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ കുതിരപ്പുറത്ത്ഉപവിഷ്ഠനായ ധർമ്മശാസ്താവാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ പരമശിവനുംഉപദേവതകളായി ഗണപതി, സരസ്വതി, സുബ്രഹ്മണ്യൻ, മഹാവിഷ്ണു, മാളികപ്പുറത്തമ്മ, ഭുവനേശ്വരി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരൻ, കിരാതമൂർത്തി, കിരാതി എന്നിവരും ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ദേശീയപാത വഴി പോകുന്ന ഭക്തർ അപകടങ്ങൾ പറ്റാതിരിയ്ക്കാനും മറ്റുമായി ഇവിടെ തൊഴുകുകയും സാധിയ്ക്കാത്തവർ ക്ഷേത്രത്തിലേയ്ക്ക് നാണയം വലിച്ചെറിയുകയും ചെയ്യുന്നു.
ശബരിമല തീർത്ഥാടനകാലത്ത് പാലക്കാട്ടുനിന്നും തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ശബരിമലയ്ക്ക് പോകുന്ന ഭക്തർ കുതിരാന്മല ശാസ്താവിനെ വണങ്ങി വഴിപാടുകൾ കഴിച്ചശേഷമാണ് യാത്ര നടത്തുന്നത്. മേടമാസത്തിൽ രോഹിണിആറാട്ടായി നടത്തപ്പെടുന്ന എട്ടുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. മണ്ഡലകാലത്ത് നിത്യവും അയ്യപ്പൻപാട്ട് പതിവുണ്ട്.
-സമ്പാധനം എസ്.വെങ്കടേഷ്
വിഷ്ണുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പ്രശസ്തമായ അത്ഭുത കഥകളിലൊന്നാണ് പാണ്ഡുരംഗ വിഠൽ (വിഠോബ) ക്ഷേത്രം. പുണ്ഡലികന്റെയും വിഠ്ഠലന്റെയും കഥ പ്രശസ്തമാണ് ..
പണ്ടൊരിക്കൽ പണ്ഡർപൂരിൽ പുണ്ഡലികൻ എന്ന യുവാവ് ജീവിച്ചിരുന്നു. പുണ്ഡലീകൻ തന്റെ വൃദ്ധരായ മാതാപിതാക്കളെ (ജാനുദേവൻ, സത്യാവതി) ഒട്ടും ബഹുമാനിക്കാതെയും ഉപദ്രവിച്ചും ജീവിച്ചിരുന്ന ഒരു മകനായിരുന്നു. തന്റെ ഭാര്യയുടെ വാക്കുകേട്ട് മാതാപിതാക്കളെ ചില സമയങ്ങളിലൊക്കെ വഴിയിൽ ഉപേക്ഷിക്കാൻ പോലും മടിച്ചില്ല. അവർ എല്ലാവരും കൂടി കാശിയിലേക്ക് ഒരു തീർത്ഥയാത്രയ്ക്ക് പോയപ്പോൾ പുണ്ഡലീകനും ഭാര്യയും കുതിരപ്പുറത്ത് സുഖമായി യാത്ര ചെയ്തു. എന്നാൽ അതേസമയം മാതാപിതാക്കളെക്കൊണ്ട് കഠിനമായ ജോലികൾ ചെയ്യിപ്പിച്ചു. യാത്രയ്ക്കിടയിൽ അവർ കുക്കുടമുനി എന്ന മഹാത്മാവിന്റെ ആശ്രമത്തിൽ എത്തി. അവിടെ വെച്ച് പുണ്ഡലീകൻ അതിശയകരമായ ഒരു കാഴ്ച കണ്ടു.
പുലർച്ചെയായപ്പോൾ അഴുക്കുപുരണ്ട ശരീരവുമായി ചില സ്ത്രീകൾ ആശ്രമത്തിൽ വരികയും ആശ്രമം വൃത്തിയാക്കിയ ശേഷം അവർ അതീവ സുന്ദരിമാരായി മടങ്ങുകയും ചെയ്തു. അത് ഗംഗ, യമുന തുടങ്ങിയ പുണ്യനദികളായിരുന്നു. പാപികൾ വന്ന് മുങ്ങിനിവരുമ്പോൾ തങ്ങളിൽ അടിയുന്ന പാപക്കറകൾ കഴുകിക്കളയാൻ അവർ കുക്കുടമുനിയുടെ ആശ്രമത്തിൽ വരികയായിരുന്നു.. കാരണം, കുക്കുടമുനി തന്റെ മാതാപിതാക്കളെ അത്രയധികം ഭക്തിയോടെ ശുശ്രൂഷിച്ചിരുന്ന ആളായിരുന്നു.
കുക്കുടമുനിയെ ശുശ്രൂഷിക്കുന്നതിലൂടെ സ്വന്തം പാപക്കറകൾ മാറ്റുകയാണവർ ..
ഈ കാഴ്ച പുണ്ഡലീകന്റെ കണ്ണ് തുറപ്പിച്ചു. തന്റെ തെറ്റ് തിരിച്ചറിഞ്ഞ പുണ്ഡലീകൻ മാതാപിതാക്കളുടെ കാലിൽ വീണു കരഞ്ഞു മാപ്പപേക്ഷിച്ചു. പിന്നീട് അദ്ദേഹം അവരെ അതീവ ഭക്തിയോടെയും സ്നേഹത്തോടെയും പരിചരിക്കാൻ തുടങ്ങി. മാതാപിതാക്കളെ സേവിക്കുന്നതിനേക്കാൾ വലിയൊരു പുണ്യമില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
പുണ്ഡലീകന്റെ ഈ നിസ്തുലമായ മാതൃ-പിതൃ ഭക്തിയിൽ പ്രസന്നനായ ദ്വാരകാധീശനായ ശ്രീകൃഷ്ണൻ അവനെ അനുഗ്രഹിക്കാൻ നേരിട്ടെത്തി. ഭഗവാൻ പുണ്ഡലീകന്റെ വീട്ടുവാതിൽക്കൽ വന്നു നിന്നു. ആ സമയം പുണ്ഡലീകൻ തന്റെ മാതാപിതാക്കളുടെ കാലുകൾ തിരുമ്മി കൊടുക്കുകയായിരുന്നു.
തന്റെ മുന്നിൽ നിൽക്കുന്നത് സാക്ഷാൽ ഭഗവാനാണെന്ന് അറിഞ്ഞിട്ടും, മാതാപിതാക്കളുടെ ശുശ്രൂഷ പാതിവഴിയിൽ നിർത്താൻ പുണ്ഡലീകൻ തയ്യാറായില്ല. ഭഗവാൻ പുറത്തു വെറും മണ്ണിൽ നിൽക്കാതിരിക്കാൻ, അടുത്തിരുന്ന ഒരു ഇഷ്ടിക ഭഗവാന് നിൽക്കാനായി അവൻ പുറത്തേക്ക് എറിഞ്ഞു കൊടുത്തു. തന്റെ ജോലി തീരുന്നതുവരെ ആ ഇഷ്ടികപ്പുറത്ത് കാത്തുനിൽക്കാൻ അവൻ ഭഗവാനോട് വിനയത്തോടെ അപേക്ഷിച്ചു. അത് കേട്ട് ഭഗവാൻ പുഞ്ചിരിച്ചു. കോപിച്ചില്ല... തിരിഞ്ഞുപോയില്ല...
ഭക്തന്റെ ഭക്തിയിലും മാതാപിതാക്കളോടുള്ള കടപ്പാടിലും സന്തോഷിച്ച ഭഗവാൻ, കൈകൾ രണ്ടും അരയിൽ വെച്ച് ആ ഇഷ്ടികപ്പുറത്ത് പുണ്ഡലീകനുവേണ്ടി കാത്തുനിന്നു. സേവനം പൂർത്തിയാക്കി പുണ്ഡലികൻ ഓടിയെത്തി ഭഗവാന്റെ പാദങ്ങളിൽ വീണു.
അപ്പോൾ ഭഗവാൻ പറഞ്ഞു:
"എന്നെ പൂജിക്കുന്നതിനേക്കാൾ മഹത്തായത് നിസ്വാർത്ഥമായ ധർമ്മമാണ്. മാതാപിതാക്കളെ സേവിച്ച നീ എന്നെത്തന്നെയാണ് സേവിച്ചത്." പുണ്ഡലികന്റെ അപേക്ഷപ്രകാരം ഭഗവാൻ ആ രൂപത്തിൽ അവിടെത്തന്നെ നിലകൊണ്ടു..
ഇന്നും പണ്ഡർപൂരിലെ വിഠൽ വിഗ്രഹം ഒരു ഇഷ്ടികപ്പുറത്ത് നിൽക്കുന്ന രൂപത്തിലാണ് ആരാധിക്കപ്പെടുന്നത്
['വിഠോബ' (വിഠൽ ) - ഇഷ്ടികപ്പുറത്ത് നിൽക്കുന്നവൻ ]
അതുകൊണ്ടുതന്നെ പണ്ഡർപൂരിലെ വിഠൽ ഇന്നും "ഭക്തനെ കാത്തുനിൽക്കുന്ന ഭഗ വാൻ" എന്ന പേരിൽ കോടിക്കണക്കിന് ഭക്തരുടെ ഹൃദയത്തിൽ വാഴുന്നു.
........... ഹരേ കൃഷ്ണ ......
-സമ്പാധനം എസ്.വെങ്കടേഷ്
തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം ഉത്തരകേരളത്തിലെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് ടൗണിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനവും പ്രശസ്തവുമായ ഒരു മഹാശിവക്ഷേത്രമാണ്. പരബ്രഹ്മസ്വരൂപിയായ പരമശിവനെ ഇവിടെ "രാജരാജേശ്വരൻ" (രാജാക്കന്മാരുടെ രാജാവ്) അഥവാ "പെരുന്തൃക്കോവിലപ്പൻ" എന്ന ഭാവത്തിലാണ് ആരാധിക്കുന്നത്.
കേരളത്തിലെ 108 പ്രസിദ്ധ ശിവക്ഷേത്രങ്ങളിലും പുരാതനമായ 64 ബ്രാഹ്മണ ഗ്രാമങ്ങളിലൊന്നായ പെരുഞ്ചെല്ലൂർ ഗ്രാമത്തിലും ഈ ക്ഷേത്രത്തിന് പ്രഥമ സ്ഥാനമുണ്ട്.
പ്രധാന സവിശേഷതകളും ആചാരങ്ങളും
സ്ത്രീ പ്രവേശനത്തിനുള്ള പ്രത്യേക നിയമം: ഈ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് രാത്രി അത്താഴപൂജയ്ക്ക് ശേഷം മാത്രമേ (ഏകദേശം 7:45 PM മുതൽ 8:30 PM വരെ) പ്രവേശനമുള്ളൂ. അത്താഴപൂജയ്ക്ക് ശേഷം ശിവൻ പത്നിയായ പാർവ്വതി ദേവിയോടൊപ്പം അതീവ സന്തുഷ്ടനായി ഇരിക്കുന്ന സമയമാണെന്നും, ഈ സമയം പ്രാർത്ഥിച്ചാൽ സ്ത്രീകൾക്ക് മംഗല്യഭാഗ്യവും ആഗ്രഹസാഫല്യവും വേഗത്തിൽ ലഭിക്കുമെന്നുമാണ് വിശ്വാസം. എന്നാൽ പുരുഷന്മാർക്ക് സാധാരണ സമയങ്ങളിൽ ദർശനം നടത്താം.
വ്യത്യസ്തമായ പൂജാവിധികൾ: മറ്റ് ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ശിവന് പ്രിയപ്പെട്ട കൂവളത്തില പൂജയ്ക്കായി ഉപയോഗിക്കാറില്ല. പകരം തുളസിയിലയാണ് ഉപയോഗിക്കുന്നത് (ഇവിടെ വിഷ്ണു ചൈതന്യത്തിന്റെ സാന്നിധ്യം കൂടിയുള്ളതിനാലാണിത്). കൂടാതെ ശിവക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകളായ ധാര, രുദ്രാഭിഷേകം എന്നിവ ഇവിടെ പതിവില്ല. ഇവിടെ ബുധനാഴ്ചയാണ് പ്രധാന വിശേഷദിവസം.
കൊടിമരവും ഉത്സവവും ഇല്ല: കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി രാജരാജേശ്വര ക്ഷേത്രത്തിൽ കൊടിമരം ഇല്ല. അതിനാൽ തന്നെ ഇവിടെ വാർഷിക ഉത്സവ ആഘോഷങ്ങളോ ആറാട്ടോ നടക്കാറില്ല. തിരുവിഗ്രഹത്തെ ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്ക് എഴുന്നള്ളിക്കാറുമില്ല.
ദക്ഷിണേന്ത്യയിലെ ദേവപ്രശ്ന പരിഹാര കേന്ദ്രം: ദക്ഷിണേന്ത്യയിലെ മറ്റ് ഏത് ക്ഷേത്രങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ ദോഷങ്ങളോ ഉണ്ടായാൽ, അതിനുള്ള അന്തിമ പരിഹാരത്തിനായി ഭക്തരും തന്ത്രിമാരും തളിപ്പറമ്പ് ക്ഷേത്രത്തിലെത്തി "ദേവപ്രശ്നം" വെച്ച് പരിഹാരം തേടുന്നത് ഒരു പ്രധാന ആചാരമാണ്. ക്ഷേത്ര മതിൽക്കെട്ടിന് പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇത് നടത്തുക.
വാസ്തുവിദ്യയും ചരിത്രവും
ശ്രീകോവിലും ശിഖരവും: ചതുരാകൃതിയിൽ രണ്ടുനിലകളിലായി ചെമ്പ് മേഞ്ഞതാണ് ഇവിടുത്തെ ശ്രീകോവിൽ. പഴയകാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ 'ശിഖര' (ഗോപുരമുകളിൽ സ്ഥാപിക്കുന്ന കല്ല്) ഉള്ള ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഇതിന്റെ മുകളിലെ കല്ലിന് മാത്രം ഏകദേശം 90 ടൺ ഭാരമുണ്ടെന്ന് കരുതപ്പെടുന്നു.
ടിപ്പുവിന്റെ ആക്രമണം: പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ടിപ്പു പടയോട്ടക്കാലത്ത് ഈ ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടാവുകയും ക്ഷേത്രത്തിന്റെ ഭീമാകാരമായ ഏഴുനില ഗോപുരങ്ങൾ തകർക്കപ്പെടുകയും ചെയ്തു. ഇതിന്റെ അവശിഷ്ടങ്ങൾ ഇന്നും കിഴക്കേ ഗോപുരത്തിന് സമീപം കാണാം.
നമസ്കാര മണ്ഡപം: ലങ്കയിൽ നിന്ന് രാവണനെ നിഗ്രഹിച്ച് സീതാദേവിയോടൊപ്പം അയോധ്യയിലേക്ക് മടങ്ങുന്ന വഴിയിൽ ശ്രീരാമൻ ഈ ക്ഷേത്രത്തിൽ ഇറങ്ങി നമസ്കരിച്ചതായി വിശ്വസിക്കപ്പെടുന്നു. ശ്രീരാമൻ ദീർഘനേരം നമസ്കരിച്ചതിനാൽ ആ ചൈതന്യത്തെ ബഹുമാനിച്ച് ഭക്തർ ആരും തന്നെ ഈ ക്ഷേത്രത്തിലെ നമസ്കാര മണ്ഡപത്തിൽ കയറി നമസ്കരിക്കാറില്ല.
വെങ്കല ശിവപ്രതിഷ്ഠ: ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കല ശിവപ്രതിഷ്ഠകളിൽ ഒന്ന് (14 അടി ഉയരവും 4200 കിലോഗ്രാം ഭാരവും) ഈ ക്ഷേത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഐതിഹ്യം
സതീദേവിയുടെ ആത്മാഹുതിക്ക് ശേഷം ക്രോധാകുലനായ ശിവൻ ദേവിയുടെ ശരീരവുമായി താണ്ഡവമാടിയപ്പോൾ, ദേവിയുടെ ശിരസ്സ് (തല) വീണത് തളിപ്പറമ്പിലാണ് എന്നാണ് ഐതിഹ്യം. അതിനാൽ ഇതൊരു പ്രമുഖ ശക്തിപീഠമായും അറിയപ്പെടുന്നു.
ഇവിടെയുള്ള ശിവലിംഗത്തിന് ആയിരക്കണക്കിന് വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പരമശിവൻ പാർവ്വതിക്ക് ആരാധിക്കാൻ നൽകിയ മൂന്ന് വിശുദ്ധ ശിവലിംഗങ്ങളിൽ അവസാനത്തേതാണ് മാന്ധാതാവ്, മുചുകുന്ദൻ, ശതസോമൻ എന്നീ രാജാക്കന്മാരിലൂടെയും മഹർഷിമാരിലൂടെയും ഒടുവിൽ തളിപ്പറമ്പിൽ പ്രതിഷ്ഠിക്കപ്പെട്ടത് എന്നാണ് ക്ഷേത്ര പുരാണം..
🎈സമർപ്പണം
വിജയലക്ഷ്മി, വിജയശ്രീ, കൊല്ലം🎈
പ്രപഞ്ചശക്തിക്ക് അമ്മ ഭാവമാണ്. ആ അമ്മയാകട്ടെ, അമ്മ ഭഗവതി ആകട്ടെ, നമുക്കു മുന്നിൽ വന്നു നിൽക്കുന്ന രൂപങ്ങൾ, പ്രത്യക്ഷമാകുന്ന രൂപങ്ങൾ പലതാണു. അമ്മഭാവത്തിന്റെ ശക്തി മുഴുവൻ അറിയാവുന്ന ഒരു ക്ഷേത്രമാണ് മാടായിക്കാവിൽ ക്ഷേത്രം. കണ്ണൂർജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിലാണ് ചരിത്രപ്രസിദ്ധമായ ശ്രീ തിരു വിറർ ക്കാട്ട് ഭഗവതിക്ഷേത്രം അഥവാ മാടായിക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശാക്തേയ സ്ഥാനങ്ങളിൽ തികച്ചും വ്യത്യസ്തത പുലർത്തുന്ന ഈ ഭഗവതി ക്ഷേത്രം ഉത്തര കേരളത്തിലെ ശാക്തേയ കാവുകളിൽ പ്രഥമവും, പൗരാണിക പ്രസിദ്ധിയാർച്ചിട്ടുള്ളതുമാണു. സാക്ഷാൽ ആദിപരാശക്തിയും ജഗദീശ്വരിയുമായ ശ്രീഭദ്രകാളിയാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ. കോലത്തിരി സ്വരൂപത്തിന്റെ കുലദേവതയാണു മാടായി കാവിലമ്മ. മാടായിക്കാവിലമ്മ, തിരൂവർ കാട്ടമ്മ അഥവാ തിരുവർക്കാട് ഭഗവതി എന്നൊക്കെ ഇവിടുത്തെ ഭഗവതി അറിയപ്പെടുന്നു. കണ്ണൂരിലെ മാടായിക്കാവിൽ അമ്മ തിരുവനന്തപുരത്തോട്ടു എഴുന്നള്ളി വന്ന ഒരു വിശ്വാസവും, ചരിത്രവും ഐതീഹ്യവുമുണ്ടു. ഇതുകൂടാതെ മാടായികാവിലമ്മ കാശിയിലേക്ക് വന്നു എന്ന് ഒരു വിശ്വാസം കൂടി നിലനിൽക്കുന്നു. ഇതുമായി ബണ്ഡപ്പെട്ട ഒരു ക്ഷേത്രം കൂടി നമുക്ക് അവിടെ കാണാൻ സാധിക്കും ഈ മൂന്ന് ഐതിഹ്യങ്ങളും കൂടി എടുത്തു പറയണ്ടതാണു. ശാക്തേയ സമ്പ്രദായങ്ങൾ അതിശക്തമായ ഈ മൂന്ന് പ്രത്യേകതകൾ മനസ്സിലാക്കി ഈ ഭാവങ്ങളെ ഉൾക്കൊള്ളാൻ നമുക്ക് സാധിക്കുന്നു. എല്ലാതിന്മകളെയും ഇല്ലാതെയാക്കുന്ന ശക്തി സ്വരൂപിയായ മാടായിക്കാവിലമ്മയുടെ തിരുനടയിൽ നിൽക്കുമ്പോൾ സൗഭാഗ്യവും, ജ്ജാനത്തിലൂടെയുള്ള ഉണർവും, നമുക്കു ലഭിക്കുന്നു. ഭഗവതിയോടൊപ്പം സപ്തമാതാക്കളെ കൂടി ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.ശിവ ഭഗവാൻ മറ്റൊരുമുഖ്യപ്രതിഷ്ഠയാണ് എന്നാൽ ശിവനെക്കാൾ ഭഗവതിക്കാണ് ഇവിടെ കൂടുതൽ പ്രസിദ്ധി. ഗണപതി, ശാസ്താവ്, ക്ഷേത്രപാലകൻ , എന്നിവരാണ് ഉപദേവതമാർ. ഔഷധച്ചെടികൾ ധാരാളമായുള്ള കാവാണിത്. സമയാ സമയങ്ങളിൽ പല തരത്തിലുള്ള ദേശാടനപ്പക്ഷികൾ ഇവിടെ എത്താറുണ്ടെന്ന സവിശേഷതയും പ്രദേശത്തിനുണ്ട് ഈ നാടിന്. വടക്കേ മലബാറിലെ ഉത്സവങ്ങൾ അവസാനിക്കുന്നത് ഈ ക്ഷേത്രത്തിലെ ഉത്സവത്തോടെയാണെന്ന വിശേഷപ്രത്യേകതയുമുണ്ട്. ക്ഷേത്രത്തിനു മുന്നിലെ ആൽമരം തറകെട്ടിസൂക്ഷിച്ചിരിക്കുന്നത് വളരെ മനോഹരമാണ്. ഈ ആലിനു എതിരെയാണ്തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലേക്കുള്ള നോട്ടം. മാടായിക്കാവ് ക്ഷേത്രം അടച്ചതിനു ശേഷമേ തളിപ്പറമ്പ് രാജരാജശേഖരക്ഷേത്രത്തിൽ സ്ത്രീകൾക്കു പ്രവേശനമുള്ളൂ. തീർത്ഥാടകരെയും , പല വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതാണ്ഇവിടെക്ഷേത്രത്തോട് ചേർന്നുള്ള മാടായിപ്പാറ. 300ഏക്കറോളം വരുന്ന വിസ്തൃതമായ ഈ പാറ അതി മനോഹരമായ പ്രകൃതി ഭംഗി നിറഞ്ഞതാണ്. മാടായിക്കാവിലെ പൂരവുമായി ബന്ധപ്പെട്ട പറമ്പാണിത് ഇവിടെനിന്നാൽ കടലും ഏഴിമല യും കണ്ണിൽപ്പെടാതിരിക്കില്ല. അതുപോലെ സൂര്യോദയം, അസ്തമയം കാണാൻ സാധിക്കുന്ന മനോഹരസ്ഥാനമാണിത്. ഉത്തര കേരളത്തിന്റെ ചരിത്രമുറങ്ങി കിടക്കുന്ന മനോഹരമായ മാടായിപ്പാറ വരുംനാളുകളിൽ ഈ ദേശത്തിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്ന സ്മാരകമായി മാറിയെന്ന് വരാം.
🎈അമ്മേ നാരായണ
ദേവി നാരായണ🎈